ഈ വരികളില്‍ ഒരു പക്ഷിയുണ്ട്;
നിലയ്ക്കാത്ത ചിറകടികളുടെ ശ്രുതിഭംഗങ്ങളും.
പക്ഷിയുടെ കേള്‍ക്കാതെപോകുന്ന ചിറകടി കേള്‍ക്കുന്നവരാണു കവികള്‍. മൊട്ടു വിരിഞ്ഞു പൂവാകുന്നതും മഴവില്ല് വിരിയുന്നതും നിലാവ് ഉദിക്കുന്നതും അസ്തമിക്കുന്നതും പോലും അറിയുന്നവര്‍. സൂക്ഷ്മ സംവേദനത്തിന്റെ അര്‍ഥതലങ്ങളിലൂടെ സഞ്ചരിക്കുമ്പോഴാണു വ്യക്തി കവിയുടെ അപൂര്‍വ ചക്രവാളം സ്വന്തമാക്കുന്നത്. കാഴ്ചയുടെയും കേള്‍വിയുടെയും കാഴ്ചപ്പാടുകളുടെയും മൗലികത അക്ഷരങ്ങളില്‍ ആവിഷ്കരിക്കുന്നതും. ജീവിതത്തെ കവിതയില്‍ അടയാളപ്പെടുത്തുന്ന സോണി സോമരാജന്‍ ജീവിക്കുന്നതും കവി ജന്‍മം; സാക്ഷ്യപ്പെടുത്തുന്നത് അദ്ദേഹത്തിന്റെ ആദ്യത്തെ ഇംഗ്ലിഷ് കാവ്യസമാഹാരം: ഫസ്റ്റ് കോണ്ടാക്ട്.
ഒരേ സ്വപ്നമാണ് മിക്കപ്പോഴും നമ്മള്‍ കാണുന്നത്,
കണ്ടുകൊണ്ടേയിരിക്കുന്നത്.
ഇന്നു രാത്രി മഴ എന്റെ സ്വപ്നത്തില്‍ ഉറങ്ങി നിന്റെ സ്വപ്നത്തില്‍
ഉണരുന്ന അപൂര്‍വത.
സോണിയെ വ്യത്യസ്തനാക്കുന്നത് അദ്ദേഹത്തിന്റെ ജീവിതം തന്നെയാണ്. കവിതകളെ വ്യത്യസ്തമാക്കുന്നത് ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും വാക്കുകള്‍ സൂക്ഷ്മമായി ഉപയോഗിച്ചു സൃഷ്ടിക്കുന്ന അപൂര്‍വ ഭാവുകത്വവും. മൂന്നു പതിറ്റാണ്ടായി സോണി വീല്‍ചെയറിലാണ്. പ്രോഗ്രസ്സീവ് ന്യൂറോ മസ്കുലര്‍ ഡിസോര്‍ഡര്‍ എന്ന രോഗാവസ്ഥ സൃഷ്ടിച്ച അസ്വസ്ഥകളില്‍. എന്നാല്‍, ജീവിതം അതിന്റെ പൂര്‍ണതയില്‍ സോണിയുടെ കവിതകളില്‍ തെളിയുന്നു. പരിമിതികളെ അതിജീവിക്കാന്‍ കരുത്തേകിയ കവിതയിലൂടെ അനുഭവങ്ങളുടെ ആഴക്കടല്‍ താണ്ടുകയാണ് അദ്ദേഹം.
ഓര്‍മകളിലൂടെയാണ് സോണി ജീവിതത്തെ അടയാളപ്പെടുത്തുന്നത്. ഓര്‍മ പലര്‍ക്കും കൈവിട്ടുപോകുന്ന ഒരു കുട്ടിയെപ്പോലെയാണ്. ക്ഷമയോടെ, നിരന്തരമായി ആ കുട്ടിയെ പിന്തുടര്‍ന്നാല്‍ തുറന്നുവരുന്ന ലോകങ്ങള്‍ സമ്മാനിക്കുന്നത് അതിശയക്കാഴ്ചകളും. ഓര്‍മ ദയയും സഹാനുഭൂതിയുമുള്ള സഹയാത്രികന്‍ കൂടിയാണ്; ആ യാത്രയുടെ നോവും നിനവും പങ്കിടുന്നവരുടെ വിശ്വസ്തതയുള്ള കൂട്ടുകാരന്‍.
1973-ലാണ് സോണിയുടെ ഓര്‍മകള്‍ തുടങ്ങുന്നത്. ഒരു മഴക്കാലത്ത്. 2019 ല്‍ ദ് ലോണ്‍ പെട്രല്‍ എന്ന കവിതയിലെത്തുമ്പോഴേക്കും 46 വര്‍ഷത്തെ ജീവിതത്തിലൂടെ സോണി നിശ്ശബ്ദതയുടെ ശബ്ദത്തെ അനുഭവിച്ചറിയുന്നു. മൗനത്തിനു വാക്ക് നല്‍കുന്നു. വേദനകള്‍ക്കു ചിറകു സമ്മാനിക്കുന്നു. സന്തോഷത്തിലും സങ്കടത്തിലും കണ്ണു നിറയുന്ന കവിതയുടെ കൈ പിടിക്കുന്നു. സൂക്ഷ്മ ദര്‍ശിനിയിലൂടെയെന്നവണ്ണം കവിതയുടെ കണ്ണാടിയിലൂടെ അദ്ദേഹം കാണുന്ന കാഴ്ചകളാണ് ഫസ്റ്റ് കോണ്ടാക്ട് എന്ന സമാഹാരത്തെ ശ്രദ്ധേയമാക്കുന്നത്.
1992-ല്‍ എഴുതിത്തുടങ്ങിയെങ്കിലും ഇതുവരെ സോണി എഴുതിയ കവിതകളുടെ സമ്പൂര്‍ണ സമാഹാരമല്ല ഫസ്റ്റ് കോണ്ടാക്ട്. കവിതയാണു തന്റെ മാധ്യമമെന്നു തിരിച്ചറിഞ്ഞെങ്കിലും ഉപേക്ഷിച്ച കവിതകളാണ് ഒട്ടേറെ. അടുത്ത കാലത്താണു സ്വയം സംതൃപ്തി തോന്നിയ കവിതകളില്‍ സോണി എത്തിയത്; അത് ആത്മകഥയായി മാറുകയും ചെയ്തു. എന്നാല്‍ സോണിയുടെ കവിതകള്‍ വായനക്കാര്‍ക്കു മുന്നില്‍ തുറക്കുന്നതു മറ്റൊരു ജീവിതത്തിലേക്കുള്ള വാതിലല്ല. സ്വന്തം ജീവിതത്തില്‍ ഓരോരുത്തരും ഇതുവരെയും തുറക്കാതെ അടച്ചുസൂക്ഷിച്ച ഓര്‍മകള്‍കൊണ്ടുമാത്രം തുറക്കാവുന്ന അനുഭൂതികളുടെ ലോകം. കവിയുടെ ആത്മകഥ ഓരോ വായനക്കാരന്റെയും കഥയാകുന്നു, പറയാന്‍ മോഹിച്ചെങ്കിലും ഉചിതമായ വാക്കുകള്‍ക്കുവേണ്ടി കാത്തിരുന്ന് പറയാതെപോയ കഥ. അതു കവിതയാകുമ്പോള്‍ മാധുര്യം കൂടുന്നു. നിലയ്ക്കാത്ത പ്രാണന്റെ നിലനില്‍പിന്റെ സംഗീതമാകുന്നു.
യാത്രയില്‍ ഒരിടത്ത് നമ്മള്‍ സത്രത്തില്‍ എത്തിച്ചേരും.
ആരവങ്ങളുടെ സത്രത്തില്‍.
രാത്രിക്കുവേണ്ടി കാത്തിരിക്കുക. സത്രം അഗ്നിക്കിരയാക്കുക.
ആരവമൊടുങ്ങുമ്പോള്‍ കവിത തുടങ്ങുന്നു.
ഹൃദയത്തിന്റെ വാതിലുകള്‍ തുറന്നിടുക. അവയും കത്തിനശിക്കട്ടെ. പ്രഭാതത്തില്‍ അഗ്നി ശുദ്ധീകരിച്ചതൊക്കെയും കണ്‍നിറയെ കാണുക.
കത്തിനശിച്ചതൊക്കെയും പുതിയൊരു തുടക്കമാണ്.
ചാരത്തില്‍ എഴുതൂ, ആദ്യത്തെ വരികള്‍.
നാലു ഭാഗങ്ങളില്‍ 64 കവിതകളാണ് ഫസ്റ്റ് കോണ്ടാക്ടിലെ ഉള്ളടക്കം. ഓരോ കവിതയും വൈയക്തിമായ അനുഭവങ്ങളില്‍നിന്നാണു
തുടങ്ങുന്നത്. എന്നാല്‍, ഇത്തിരിവട്ടത്തിലെ കാഴ്ചകള്‍ പ്രതിഫലിപ്പിക്കുന്നതു വിശാലമായ ലോകം. കേവലം വികാരങ്ങള്‍ക്കപ്പുറം അഗാധമായ വിചാരങ്ങളിലേക്കു നയിക്കാന്‍ കെല്‍പുണ്ട് സോണിയുടെ വാക്കുകള്‍ക്ക്. സന്തോഷവും സങ്കടവും ആദ്യ പ്രണയവും വേര്‍പാടിന്റെ വിഷാദവും വിരഹവും നിസ്സംഗമെങ്കിലും ഉള്‍ക്കാഴ്ചയോടെ തെളിയുന്ന കവിതകള്‍.
സോണിയുടെ കവിതകളിലൂടെ കടന്നുപോകുന്നവരെ പിടികൂടുന്ന ഒരു നഷ്ടബോധമുണ്ട്.കാണാതെ പോയ കാഴ്ചകളെക്കുറിച്ച്. കേള്‍ക്കാതെപോയ ശബ്ദങ്ങളെക്കുറിച്ച്. അവഗണിച്ച മുഖങ്ങളെക്കുറിച്ച്. കരുണ ചൊരിഞ്ഞിട്ടും തിരസ്കരിച്ച നിമിഷങ്ങളെക്കുറിച്ച്. അവയൊക്കെയും ഈ കവിതകളില്‍ നിറയുന്നു; കാത്തിരുന്നു പെയ്ത കാലവര്‍ഷത്തിന്റെ സമൃദ്ധിയോടെ.
അപ്രതീക്ഷിതമായെത്തുന്ന മിന്നല്‍പ്പിണരുകളില്‍ തെളിയുന്നത് ജീവിതാസക്തിയുടെ നിറച്ചാര്‍ത്തുകള്‍. ഓര്‍മകളുടെ വീണ്ടെടുപ്പിലൂടെ ആഘോഷമാകുന്ന നിമിഷങ്ങള്‍.
കാല്‍പനികമല്ല ഫസ്റ്റ് കോണ്ടാക്ടിലെ കവിതകള്‍; അകാല്‍പനികവുമല്ല. കവിതയുടെ കൈ പിടിച്ച് ജീവിതത്തെ ചേര്‍ത്തുനിര്‍ത്തുകയാണ് സോണി. ഒറ്റപ്പെടുന്ന നിമിഷങ്ങളിലും ഒരുമിച്ചിരിക്കുമ്പോഴും ഒരേപോലെ സാന്ത്വനം പകരാന്‍ കഴിവുള്ള കവിതകള്‍.
സന്തോഷിപ്പിക്കാന്‍ വേണ്ടി എഴുതാതിരിക്കൂ.
സ്വന്തമായി വായിക്കാന്‍ വേണ്ടി എഴുതൂ.
സ്വന്തം കൊട്ടാരം പടുത്തുയര്‍ത്തൂ. രാജാവാകൂ.
കവിത ജീവിതമാണ്; അനുഭവിച്ചതുമാത്രമല്ല; പിന്നിട്ടതോ പിന്നിടാനിരിക്കുന്നതോ ആയ ജീവിതം. കവിതയിലൂടെ സഞ്ചരിക്കുന്ന കടല്‍ദൂരങ്ങള്‍ക്കു പരിധിയില്ല; പരിമിതിയുമില്ല. അനുവദിക്കപ്പെട്ട ജീവിതത്തില്‍ എണ്ണമറ്റ ജന്‍മങ്ങള്‍ ജീവിക്കുന്നതുകൊണ്ടാകണം
ജലോപരിതലത്തിലൂടെ കവി നടക്കുന്നത്.
നീയില്ലാതെയും ഞാന്‍ ജീവിക്കും
എന്ന തിരിച്ചറിവില്‍ എത്തുന്നതും.
—G Pramod